top of page
Search
  • Writer's picturealeena alex

കാരുണ്യത്തിന്റെ മന്ന അഞ്ചാം വർഷത്തിലേക്ക്

Updated: Oct 31, 2022



വിശക്കുന്നവന് ആഹാരം നൽകുക എന്നത് ഏറ്റവും പരമപ്രധാനമായ ഒരു കാരുണ്യ പ്രവർത്തിയാണ്. 2006 ജനുവരി ഒന്നാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി അഭിവന്ദ്യ സഖറിയ മാർ തെയോഫിലോസ് തിരുമേനി ആരംഭിച്ച ഭക്ഷണ പദ്ധതിയായിരുന്നു feed the hungry Project. ദിവസേന 50 പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകി തുടങ്ങുമ്പോൾ വർഷത്തിൽ ഒരു ലക്ഷം പേർക്കെങ്കിലും ഒരു നേരം ഭക്ഷണം നൽകുക എന്നതായിരുന്നു തിരുമേനിയുടെ സ്വപ്നം . 2017 ആയപ്പോഴേക്കും മലബാറിൻ്റെ വിവിധ ഭാഗങ്ങളിലായി ആദിവാസി ഊരുകൾ ഉൾപ്പെടുത്തി ദിവസേന 1000 പേർക്ക് വരെ ഭക്ഷണം നൽകുവാൻ കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്ന ഒരു കാര്യമായിരുന്നു. തിരുമേനിയുടെ കാലശേഷം ഒരു വർഷം തികയും മുമ്പ് തന്നെ തിരുമേനിയുടെ സ്വപ്ന പദ്ധതിക്ക് തിരശീല വീഴുന്നു എന്നറിഞ്ഞപ്പോൾ തിരുമേനിയുടെ സ്നേഹിതർ ചേർന്ന് ഒരു കൂട്ടായ്മ സംഘടിപ്പിച്ച് "കാരുണ്യത്തിൻ്റെ മന്ന" എന്ന ഭക്ഷണ പദ്ധതിക്ക് രൂപം കൊടുത്തു. 2018 നവംബർ 1 , പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ, ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം പുനരാരംഭിച്ചു. 2019 ഫെബ്രുവരിയിൽ നിലവിൽ വന്ന ZMART ഫൗണ്ടേഷൻ പിന്നീട് ഭക്ഷണ പദ്ധതി ഏറ്റെടുത്തു നടത്തി തുടങ്ങി. കഴിഞ്ഞ 4 വർഷങ്ങളായി ഒരു ദിവസം പോലെ മുടങ്ങാതെ നൽകിവരുന്ന ഈ ഭക്ഷണ പദ്ധതിയിലൂടെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി നാനൂറോളം പേർക്ക് ദിവസേന ഒരു നേരത്തെ ഭക്ഷണം നൽകിക്കൊണ്ട് തിരുമേനിയുടെ സ്വപ്നമായിരുന്ന "ഒരു വർഷം ഒരു ലക്ഷം പേർക്ക് ആഹാരം ''എന്നത് സാക്ഷാത്കരിക്കുന്നു.


ദിവസേനയുള്ള ഉച്ചഭക്ഷണത്തിന് പുറമേ ഓണം, ക്രിസ്മസ്, ഈസ്റ്റർ, ദീപാവലി തുടങ്ങിയ ഉത്സവ ദിനങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സ്പെഷ്യൽ ഫുഡ് വിതരണം ചെയ്യുന്നതിൽ ZMART ഫൗണ്ടേഷൻ തുടക്കം മുതൽ തന്നെ ശ്രദ്ധാലുക്കളാണ്. കേരളത്തിൻ്റെ വടക്കൻ ജില്ലകളായ കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ തുടങ്ങി വളരെ വിസ്തൃതമായ പ്രദേശത്തെ ജനങ്ങൾ , പ്രത്യേകിച്ച് വിദഗ്ദ ചികിത്സ ആവശ്യമായ സാധുക്കളായ രോഗികൾക്ക് ഏക ആശ്രയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. വിശേഷ ദിനങ്ങളിൽ ബന്ധുക്കളോടൊപ്പം നല്ല ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഇവരെ പ്രത്യേകം കരുതേണം എന്ന് അഭിവന്ദ്യ സഖറിയ മാർ തെയോഫിലോസ് തിരുമേനി എന്നും പറയാറുണ്ടായിരുന്നു. വിശേഷ ദിവസങ്ങളിൽ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന എല്ലാ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നൽകി വന്നിരുന്ന ഭക്ഷണ വിതരണത്തിന് തിരുമേനി തന്നെ നേതൃത്വം നൽകുന്ന പതിവുണ്ടായിരുന്നു.


ആ പാത പിൻതുടർന്നു കൊണ്ട് ഓണത്തിന് സദ്യയും,ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങളും ക്രിസ്മസിന് കേക്കും ഈസ്റ്ററിന് ചിക്കൻ ബിരിയാണി തുടങ്ങി എല്ലാ വിശേഷ ദിനങ്ങളിലും ഏതെങ്കിലും സ്പെഷ്യൽ ഫുഡ് വിതരണം ചെയ്യുന്ന രീതി ഫൗണ്ടേഷൻ പിൻതുടർന്നു വരുന്നുണ്ട്. ഈ വർഷത്തെ ഓണസദ്യ, സെപ്തംബർ 7ഉത്രാട നാളിൽ വിതരണം ചെയ്തു. എഴുത്തുകാരിയും നിരൂപകയും കേരള സാഹിത്യ അക്കാദമി മെമ്പറുമായ ഡോ.മിനി പ്രസാദ് ഉത്ഘാടനകർമ്മം നിർവഹിച്ചു.ഇതു കൂടാതെ ഈ വർഷം 75th സ്വാതന്ത്ര്യ ദിനത്തിൽ സ്പെഷ്യൽ കേക്കും വിതരണം ചെയ്തു. ദീപാവലി ദിനത്തിൽ ഉച്ചയൂണിനോടൊപ്പം മധുര പലഹാരങ്ങൾ വിതരണം ചെയ്തത് കോഴിക്കോട് ആസ്ഥാനമായ മീനാക്ഷി ട്രേഡേഴ്സിലെ മാനേജ്മെൻ്റ് അംഗങ്ങളും ജീവനക്കാരും ചേർന്നായിരുന്നു.


നമ്മുടെ വിശേഷ ദിവസങ്ങളായ ജൻമദിനം, വിവാഹ വാർഷികം, പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനങ്ങൾ എന്നിവ ആഘോഷിക്കുമ്പോൾ അത് വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകിക്കൊണ്ട് അർത്ഥപൂർണ്ണമാക്കാം.




163 views0 comments
bottom of page