top of page
Search
  • Writer's picturealeena alex

ZMART - MBC Helping Hand project




തന്നെ അനുധാവനം ചെയ്തിരുന്ന ശിഷ്യഗണങ്ങളെ അഭി.തെയോഫിലോസ് തിരുമനസ്സുകൊണ്ട് എല്ലായ്പ്പോഴും ഓർമ്മപ്പെടുത്തിയിരുന്ന സുപ്രധാന വസ്തുത; "എൻ്റെ കാലശേഷം എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ എന്തെങ്കിലും ചെയ്യുവാൻ ഒരുങ്ങിയാൽ ഒരിക്കലും അതൊരു 'കെട്ടിടം' നിർമ്മിച്ചു കൊണ്ടാവരുത്. പകരം, ഈ സമൂഹത്തിലെ നിരാലംബർക്ക് എന്തെങ്കിലും സഹായഹസ്തം നൽകിക്കൊണ്ടായിരിക്കണം."

അഭി.തിരുമനസ്സുകൊണ്ട് നമ്മിൽ നിന്നും വേർപെട്ട് നിത്യതയുടെ ഭാഗ്യാനുഭവത്തിലേക്ക് ചേർക്കപ്പെട്ടിട്ട് അഞ്ചാണ്ടുകൾ പിന്നിട്ടിട്ടും, അഭി.തിരുമനസ്സ് ഭരമേൽപ്പിച്ച് നൽകിയ ഉത്തരവാദിത്വത്തിൽ നിന്നും ആ പിതാവിനെ അനുധാവനം ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങൾ അഭി.തിരുമനസ്സിലെ അഭിലാഷങ്ങൾ ഏറ്റവും ഭംഗിയായും കർത്തവ്യബോധത്തോടുകൂടിയും ഇപ്പോഴും നിറവേറ്റി വരുന്നതിൻ്റെ മകുടോദാഹരണമാണ് പീരുമേട് MBC കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് പഠനം നടത്തുന്ന 18 വിദ്യാർഥികൾക്ക് പഠന ചിലവിന് ഒരു കൈത്താങ്ങായി സ്കോളർഷിപ്പ് നൽകുവാൻ കഴിഞ്ഞത്. ഈ വർഷത്തെ അവരുടെ പഠന മികവിൻ്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള 3 വർഷവും ഫൗണ്ടേഷനിൽ നിന്നും സ്കോളർഷിപ്പ് തുക നൽകുന്നതുമായിരിക്കും. കൂടാതെ ഒരു വിദ്യാർത്ഥിനിക്ക് സയൻ്റിഫിക്ക് കാൽക്കുലേറ്ററും സമ്മാനമായി നൽകി.

MGOCSM തിരുവനന്തപുരം സ്റ്റുഡൻസ് സെൻ്ററിൻ്റെ വാർഡനായി ശുശ്രൂഷയിൽ പ്രവേശിച്ച ബഹു. M.C ചെറിയാൻ ശെമ്മാശ്ശൻ ആരംഭിച്ച പഠന സ്കോളർഷിപ്പ് പദ്ധതി, അദ്ദേഹം മാർ തെയോഫിലോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തയായപ്പോളും തുടരുകയും ഇഹത്തിലെ അദ്ദേഹത്തിൻ്റെ അന്ത്യ നിമിഷങ്ങൾ വരെയും തുടർന്നുമിരുന്നു.

കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ ഒരു കുഞ്ഞിനു പോലും വിദ്യാഭ്യാസം കൈവരിക്കാതിരിക്കുവാൻ കാരണമാകരുത് എന്നദ്ദേഹം ശഠിച്ചിരുന്നു. വിദ്യാഭ്യാസമുള്ള യുവതയ്ക്കെ സംസ്കാര സമ്പന്നമായ ഒരു പുതുലോകം കെട്ടിപ്പടുക്കുവാൻ സാധ്യമാവൂ എന്നദ്ദേഹം പ്രബോധനങ്ങളിൽക്കൂടി തൻ്റെ ജനത്തെ പഠിപ്പിച്ചിരുന്നു. മാറുന്ന ലോകത്തിൻ്റെ പ്രതിച്ഛായയ്ക്കൊത്തു നമ്മുടെ നാടും വികസിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യത്തേക്കാൾ ഉപരിയായി അനിവാര്യതയായി മാറിയിരിക്കുന്ന ഇന്നിൻ്റെ ലോകത്ത് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുന്നതിനും സഹജീവികളോടുള്ള കരുണയും കടമയും ഉത്തരവാദിത്വവും ചുമതലാബോധവും നിറവേറ്റിക്കൊണ്ട് സമൂഹത്തിനു നല്ല സാക്ഷ്യം നൽകുന്ന യുവതയുടെ ഭാഗമായിത്തീരുവാൻ ഒരു കുഞ്ഞിന് കഴിയണമെങ്കിൽ അവനു മെച്ചപ്പെട്ട വിദ്യാഭ്യാസം യഥാസമയം നൽകിയിരിക്കണം; ആ വിദ്യാഭ്യാസം ലഭിക്കുവാൻ കഴിയാത്ത ഒരു കുഞ്ഞിന് നാം മൂലം അത് കൈവരിക്കുവാൻ കഴിയുന്നുവെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ ഒരു സാക്ഷ്യവും സമ്പാദ്യവും ആയിരിക്കും എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിനൊപ്പം, അങ്ങനെയുള്ള കരുതലുകൾ നമ്മിൽ ഉളവാകാത്ത പക്ഷം നാം ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും "കമിഴ്ത്തി വച്ചിരിക്കുന്ന കുടത്തിനുമേൽ ഒഴിക്കുന്ന വെള്ളം" കൊണ്ടുള്ള പ്രയോജനമേ ലഭിക്കുകയുള്ളൂ എന്ന് പഠിപ്പിക്കുവാനും ആ പുണ്യപിതാവു നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.

ജീവിതകാലത്ത് ഏതാണ്ട് ആയിരത്തിലധികം വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് പഠനസഹായം (സ്കോളർഷിപ്പ്) നൽകിയിട്ടാണ് അഭി.തിരുമനസ്സ് നമ്മിൽ നിന്നും കടന്നുപോയത്.


2022 നവംബർ മാസം 29നു പീരുമേട് MBC കോളേജ് സാക്ഷ്യം വഹിച്ച ചടങ്ങിൽ വച്ച്, ZMART - MBC Helping Hand projectൻ്റെ ഭാഗമായി DR. ZACHARIAH MAR THEOPHlLOS MEMORIAL SCHOLARSHIP ൻ്റെ വിതരണം ബഹുമാന്യനായ പീരുമേട് DySP ശ്രീ.കുര്യാക്കോസ്.J ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് വിതരണം ചെയ്തു. MBC കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 5 കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ച സ്കോളർഷിപ് 18 കുട്ടികൾക്ക് നൽകുവാൻ കഴിഞ്ഞത് അഭി.തിരുമനസ്സിലെ കൃപാകടാക്ഷം ഒന്നുകൊണ്ടു മാത്രമാണ്.

കോളേജ് ഡയറക്ടർ ശ്രീ.പ്രിൻസ് വർഗീസ് അദ്ധ്യക്ഷം വഹിച്ച യോഗം, ഫൗണ്ടേഷൻ്റെ ട്രസ്റ്റി Dr.ബീന ഉമ്മൻ വരികളെഴുതി ചിട്ടപ്പെടുത്തിയ

"തടാകത്തിലെ തണലിലുറങ്ങും

താപസ ശ്രേഷ്ഠനാം തിരുമേനി ..." എന്ന ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്.

ഇടുക്കി ഭദ്രാസന സെക്രട്ടറി ബഹു.ബിജു ആൻഡ്രൂസ് അച്ചൻ അഭി. തെയോഫിലോസ് തിരുമനസ്സിനെ സ്മരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് Dr.Jayaraj Kochupillai (Principal, MBC College) Mr.Oommen John ( Former Manging Committee Member - MOSC)എന്നിവർ സംസാരിച്ചു.

Fr. ജോൺ സാമുവൽ (Office Manager - MBC College) Fr.നോബിൻ ഫിലിപ്പ് (Students Advisor & Chaplain) എന്നീ വൈദിക ശ്രേഷ്ഠരുടെ മഹനീയ സാന്നിധ്യം യോഗത്തിലുണ്ടായിരുന്നു.

യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും പ്രൊ.ഏലിയാസ് ജോൺ (Faculty Chairperson - Internal Affairs) സ്വാഗതം ആശംസിക്കുകയും, പ്രൊ.മണികണ്ഠൻ S (HOD, Mechanical Department & Admission Co-Ordinator 2022) നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


ZMART foundationൻ്റെ കർമ്മമണ്ഡലങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രഭാഷണം നടത്തിയ ഫൗണ്ടേഷൻ ട്രസ്റ്റി Dr.ബീന ഉമ്മൻ നൽകിയ സന്ദേശത്തിനൊടുവിലായി, അഭി.തെയോഫിലോസ് തിരുമനസ്സുകൊണ്ട് ഉദ്ബോധിപ്പിച്ചു കൊടുത്തിരുന്ന പ്രകാരം; "ഇന്ന് ഈ സ്കോളർഷിപ്പ് സ്വീകരിക്കുന്ന നിങ്ങൾ ഒരോരുത്തരും പഠനശേഷം ജോലിയിൽ പ്രവേശിച്ചു കഴിയുമ്പോൾ നിങ്ങൾക്കുള്ള 'കടമ' മറന്നുപോകാൻ ഇടയാവരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് നിങ്ങളെ സഹായിച്ചവരെ നിങ്ങൾ ഓർത്തില്ലെങ്കിലും നിങ്ങൾക്ക് ലഭിച്ച കൈത്താങ്ങ് നിങ്ങൾ മറന്നുകൂടാ!!.. നിങ്ങളെപ്പോൽ അല്ലെങ്കിൽ അതിലും ബുദ്ധിമുട്ടിൽ കഴിയുന്നവർ അന്നും ഉണ്ടാകും. അവരെ കണ്ടില്ലെന്ന് നടിച്ചു നിങ്ങൾ, നിങ്ങളുടേതായ ലോകത്ത് സുഖസമൃദ്ധിയിൽ കഴിയരുത്. പകരം കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും നിങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായം തിരികെ ചെയ്തുകൊടുക്കണം. അപ്പോൾ മാത്രമേ ഞങ്ങൾ ഇന്നു ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഒരു സാക്ഷ്യ നിർവ്വഹണത്തിൻ്റെ പൂർണ്ണത കൈവരുകയുള്ളൂ!!..." എന്ന സന്ദേശവും യോഗത്തിൽ കൂടിയിരുന്നവർക്കായി നൽകി. സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ അഭി. തിരുമനസ്സിലെ മഹത്തായ ഉത്ബോധനത്തെ കൈക്കൊണ്ടു എന്നതും അഭി. തിരുമനസ്സുകൊണ്ട് ഉയരപ്പെട്ട മഹോന്നതങ്ങളിൽ വസിച്ചുകൊണ്ട് കൃതജ്ഞതയോടെ വീക്ഷിക്കുന്നുണ്ടാവാം....


സ്നേഹപൂർവ്വം,

ZMART foundation🌹🌹🌹🌹🌹

Kozhikode.



11 views0 comments
bottom of page